Activate your premium subscription today
- Kerala Byelection 2024
- Latest News
- Weather Updates
- Saved Items
- Change Password
പ്രകൃതി ദുരന്തങ്ങളെ എങ്ങനെ നേരിടാം; പ്രതിരോധിക്കാൻ പത്തു കല്പനകൾ!
ഡോ. മനോജ് പി സാമുവൽ
Published: October 22 , 2021 07:55 AM IST
2 minute Read
Link Copied
Mail This Article
പ്രവചനങ്ങൾക്ക് അപ്പുറമുള്ള കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ ഭൂവിനിയോഗവും മറ്റു ഭരണ -പാരിസ്ഥിതിക-ഭൗമ പ്രത്യേകതകളെല്ലാം ഒത്തുചേർന്ന് സംജാതമായ അതിരൂക്ഷമായ പ്രകൃതി ദുരന്തങ്ങളിൽ കൂടിയാണ് ഇന്ന് നാം കടന്ന് പോകുന്നത്. വരും വർഷങ്ങളിലും ഇത് കൂടുതൽ രൂക്ഷമായി ആവർത്തിക്കാനുള്ള സാധ്യതയാണേറെയും. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും മണ്ണിടിച്ചിലിന്റെയൊ വെള്ളപൊക്കത്തിന്റെയോ നേരിട്ടോ അല്ലാതെയോ ഉള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ സമീപ ഭാവിയിൽ അവയെ പ്രതിരോധിക്കാനുള്ള പത്ത് കല്പനകൾ താഴെ :
1. മുന്നൊരുക്കങ്ങൾ : പ്രളയ -മണ്ണിടിച്ചിൽ -വരൾച്ചാ സാധ്യതകൾ മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ. നദികളിലും മറ്റു ജല നിർഗമന മാർഗങ്ങളിലും അടിഞ്ഞു കൂടിയ ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തു അവയുടെ ആഴവും വാഹക ശേഷിയും കൂട്ടുക. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ അടയാളപ്പെടുത്തുക. വരൾച്ചാ പ്രശ്നങ്ങൾ ഉണ്ടാവാനിടയുള്ള സ്ഥലങ്ങളിൽ മുൻകൂട്ടി ഇടപെടൽ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക.
2. കൃത്യമായ പ്രവചനം : കൂടുതൽ ശക്തവും വിശ്വസ്വനീയവും ആയ കമ്പ്യൂട്ടർ മോഡലുകളും ഡാറ്റാ സെറ്റുകളും ഉപയോഗിച്ച് കൃത്യതയയേറിയ പ്രവചനങ്ങൾ ഉറപ്പു വരുത്തുക. ഉപഗൃഹ ചിത്രങ്ങൾ കൂടുതൽ കൃത്യതയോടെയും ഗഹനമായും ലഭ്യമാകാനും വിശകലനം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക.
3. തത്സമയ വിജ്ഞാന /പ്രവചന വ്യാപനം : കാലാവസ്ഥാ പ്രവചനങ്ങളും നീരോഴുക്കും മണ്ണിടിച്ചിൽ സാധ്യതയും ഉൾപ്പെടെയുള്ള വിവരങ്ങളും തത്സമയം അതാത് പ്രദേശങ്ങളിൽ എത്തിക്കാനുള്ള നെറ്റ്‌വർക്ക് സംവിധാനം ഒരുക്കുക. കാലാവസ്ഥാ വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി, പഠന -ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,റവന്യു വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സാമൂഹ്യ സംഘടനകൾ, കർഷക ക്ലബ്ബുകൾ എന്നിവയൊക്കെ ഈ ശൃംഘലയുടെ ഭാഗമാവാം.
4. പെട്ടെന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ : ദുരന്ത ഭൂമിയിൽ എത്രയും വേഗത്തിൽ എത്തിച്ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള റാപിട് റെസ്പോൺസ് പ്ലാനും അതിനുള്ള ടീമും ആവശ്യമാണ്.
5. കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങൾക്കായും ദുരന്ത നിവാരണത്തിനായും ദീർഘകാല പരിപ്രേക്ഷ്യത്തോടെയുള്ള പദ്ധതികൾ : പരിസ്ഥിതി ലോല പ്രദേശങ്ങളിലും മഴക്കെടുതികൾ നേരിട്ട് അനുഭവപ്പെടുന്ന ഇടങ്ങളിലും തീരദേശ ശോഷണമുള്ളിടങ്ങളിലും മറ്റും അനുവർത്തിക്കേണ്ട ഇടപെടൽ പ്രവർത്തനങ്ങൾ -ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിൽ - ആസൂത്രണം ചെയ്തു നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ പുനർ വായന നടത്തി കൂടുതൽ ശക്തവും അതേസമയം ജന വിശ്വാസമുള്ളതുമായി മാറ്റുക.
6. പരിസ്ഥിതി നിയമ വാഴ്ച ഉറപ്പാക്കുക : മേല്പറഞ്ഞ നിയമങ്ങൾ പ്രദേശത്തിന്റെ പ്രത്യേകതയും ദുർബലാവസ്ഥയും കണക്കിലെടുത്ത് മുഖം നോക്കാതെ ശക്തമായി തന്നെ നടപ്പാക്കുക. ഉയർന്ന പിഴ ചുമത്തുകയും ഇതിലൂടെ ലഭ്യമാകുന്ന തുക പരിസ്ഥിതി സംരക്ഷണത്തിനും ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായും ഉപയോഗപ്പെടുത്തുക.
7. കൃത്യമായ മോണിറ്ററിങ് /പരിശോധന /തിരുത്തൽ: പരിസ്ഥിതി സംരക്ഷണ-ദുരന്ത പ്രതിരോധ പ്രവർത്തന പദ്ധതികൾ കൃത്യമായ ഇടവേളകളിൽ പരിശോധനക്കും തിരുത്തലുകൾക്കും വിധേയമാക്കുക. മാറുന്ന കാലാവസ്ഥക്കും ഭൂവിനിയോഗത്തിനും വികസന പദ്ധതികൾക്കും അനുയോജ്യമായി അവയെ പുനക്രമീകരിക്കുക
8. ഏകോപനം: ജലം, ഭൂമി, കാലാവസ്ഥ, വനം തുടങ്ങിയവയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനവും ഒത്തൊരുമിച്ചുള്ള പ്രവർത്തനവും ഉറപ്പാക്കുക. പഠന -ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള കണ്ടെത്തെലുകളും നിർദേശങ്ങളും താഴെ തട്ടിൽ എത്താനും നടപ്പാക്കാനും ഉള്ള ക്രിയാത്മകമായ നടപടികൾ ഉണ്ടാകണം. വാർഡ് തലം മുതൽ സംസ്ഥാന തലം വരെ വിവിധ ഘട്ടങ്ങളിൽ ഇവ നിരീക്ഷിക്കാനും ഉറപ്പു വരുത്താനുമുള്ള കമ്മറ്റികൾ രൂപീകരിക്കണം.
9. പൊതുജന പങ്കാളിത്തം : മുമ്പ് പറഞ്ഞത് പോലെ ജനകീയ പങ്കാളിത്തം ഉറപ്പാക്കി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. ഗ്രാമ സഭകളിൽ ചർച്ച ചെയ്ത് പുതിയ പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന അതേ സമയം തീവ്ര കാലാവസ്ഥാ വക ഭേദങ്ങളെ പ്രതിരോധിക്കാൻ കെല്പുള്ള വികസന പദ്ധതികളും ഇടപെടൽ പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പാക്കുക.
10. നൂതനാശയങ്ങൾ : ആഗോള താപന പ്രതിരോധം ഉറപ്പാക്കുന്ന കാർബൺ ന്യൂട്രൽ ഗ്രാമങ്ങൾ തുടങ്ങിയ നൂതനമായ ആശയങ്ങൾ പൈലറ്റ് സ്കെയിലിൽ എങ്കിലും പ്രവൃത്തി പഥത്തിൽ കൊണ്ട് വരിക. ഗ്രാമം അടിസ്ഥാനമാക്കിയുള്ള വിഭവ ഭൂപടം ജനകീയ പങ്കാളിതത്തോടെ തയ്യാറാക്കുക. അതിലെ പ്രകൃതി വിഭവങ്ങളുടെയും, ജലാശയങ്ങളുടെയും നീരൊഴുക്കുകളുടെയും ഭൂവിനിയോഗത്തിന്റെയും സ്ഥിതിയും ക്രമവും അതിൽ വർഷം തോറും സംഭവിക്കുന്ന മാറ്റങ്ങളും അടയാളപ്പെടുത്തുക. അതനുസരിച്ചു ഹരിത ഗൃഹ വാതകങ്ങളെ വലിച്ചെടുക്കുന്ന കാടും, കാവും, കുളവും, പുഴയും, നെൽപ്പാടവും ചതുപ്പ് നിലവും തണ്ണീർ തടവും ഒക്കെ ഉൾപ്പെടുന്ന പുതിയ സിങ്കുകൾ സൃഷ്ടിക്കാനും പുനരുജ്ജീവിപ്പിക്കാനും കഴിയണം. ഒപ്പം ദുരന്ത ഭീഷണിയുള്ള ഇടങ്ങൾക്കായി പ്രത്യേക സംരക്ഷണ പാക്കേജ് തുടർ പ്രവർത്തനങ്ങൾ ഉറപ്പാക്കി നടപ്പിലാക്കുകയും വേണം.
(കോഴിക്കോട് ജല വിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകൻ)
English Summary: Natural hazards and disaster risk reduction
- Environmental disasters Environmental disasterstest -->
- Natural Disaster Natural Disastertest -->
- Climate Change Climate Changetest -->
- Environment News Environment Newstest -->
IMAGES
VIDEO